Friday, November 10, 2023

ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

 ഭൂപടമില്ലാത്തവർക്കുള്ള സ്മാരകം

================================

അബു ജലാൽ, 
ആറു കൊല്ലം മുമ്പത്തെയൊരു 
നവമ്പറിൻ്റെ ഉരുകുന്ന പകലിലോ
വെസ്റ്റ് ബാങ്കിലേക്ക് തൊടുത്തുവിട്ട
മിസൈലുകളുടെ തിളയ്ക്കുന്ന
പ്രകാശവലയങ്ങളിലോ
നടുക്കുന്ന വിസ്പോടനത്തിൻ്റെ
പ്രകമ്പനത്തിലോ
പിറന്നവീണതു തന്നെ
അഭയാർത്ഥി ക്യാമ്പിലാണ്.

ഉപ്പയെ കണ്ട ഓർമ അവനില്ല
ഉമ്മിയും ഇത്താത്ത ഫർഹയും
മാത്രമായിരുന്നു അവൻ്റെ ഉറ്റവർ.
പൂക്കളോടും പൂത്തുമ്പികളോടും
കിന്നാരം പറയാൻ കഴിയാത്ത ബാല്യം.
എങ്കിലും ചേച്ചിയുടെ സാമീപ്യവും
തലോടലും സ്വർഗതുല്യമായിരുന്നു അവന്.
എട്ടു വയസുകാരി ഇത്താത്തയ്ക്കു
ആറുവയസുകാരൻ്റെ കരുതലും സ്നേഹവും.

ഇന്നലെ കൂട്ടുകാരുമൊത്ത് 
കാരയ്ക്കാമരത്തിൻ്റെ തണലിൽ
കളിക്കുമ്പോഴാണ് ഒരു തീഗോളം
അഭയാർത്ഥി ക്യാമ്പിൻ്റെ ഉച്ചിയിലേക്ക്
ആർത്തലച്ചെത്തിയത്.
അവൻ്റെയും കൂട്ടുകാരുടേയും
മേലാകെ എന്തൊക്കെയോ തുളച്ചു കയറി
കത്തിക്കയറുന്ന വേദന
മേലു പൊള്ളിക്കുന്ന ചൂട്
അവൻ ഉച്ചത്തിൽ നിലവിളിച്ചു
അഭയാർത്ഥി ക്യാമ്പിനെ
അഗ്നിഗോളം വിഴുങ്ങുന്നതു
അടഞ്ഞു തുടങ്ങുന്ന കണ്ണിലൂടെ
അവ്യക്തമായി കാണാം.
ഉമ്മിയ്ക്കും ചേച്ചിയ്ക്കും
എന്തു പറ്റിയെന്ന് അറിയുന്നതിനു മുന്നേ
അവൻ്റെ ബോധം മറഞ്ഞു.

ഇപ്പോൾ,
അബു ജലാലിൻ്റെ 
അടഞ്ഞ കണ്ണുകൾ മിടിയ്ക്കുന്നുണ്ട്.
ചെവികളിലേക്ക് അനേകം
കുഞ്ഞുങ്ങളുടെ നിലവിളിയൊച്ചകൾ
കുത്തി കയറുന്നുണ്ട്.
മെല്ലെ മെല്ലെ തുറന്ന വരുന്ന കണ്ണുകളിൽ
കറക്കം നിലച്ച പഴയ ഫാനിൻ്റെ 
ചിത്രം അരിച്ചിറങ്ങുന്നു.
തൊണ്ടയും വരണ്ട ചുണ്ടകളും
അല്പം തണ്ണീരിന് യാചിക്കുന്നുണ്ട്.
മേലാകെ കഠിനമായ വേദന.
ഈച്ചകൾ പാറി നടക്കുന്ന ഒച്ച.
പെട്ടന്ന് ഭൂമിയൊന്നു കുലുങ്ങി.

അബു ജലാലിപ്പോൾ
നിലയില്ലാത്ത നീർക്കയത്തിലൂടെ
താഴേക്ക് പോവുകയാണ്.
ഓർമ്മകളിൽ അവ്യക്തമായ
ചില രൂപങ്ങൾ മിന്നി മായുന്നുണ്ട്
അവൻ്റെ പറഞ്ഞു കേട്ട ഉപ്പ,
പിന്നെ അവൻ്റെ നെറുകയിൽ
മുത്തമിടുന്ന ഉമ്മി,
പാൽപ്പുഞ്ചിരിയുമായി കെട്ടിപ്പിടിക്കുന്ന
ഫർഹയിത്താത്ത, 
പിന്നെയും ആരെക്കെയോ...
അവൻ്റെ ഓർമ്മകൾ നിലച്ചു. 

ചുവന്ന അധിക ചിഹ്നംപതിച്ച
ആംബുലൻസുകളുടെ
നിലയ്ക്കാത്ത നിലവിളി അടുത്തു വരുന്നു.
തകർന്നു വീണ പടുകൂറ്റൻ
ആശുപത്രിക്കെട്ടിടത്തിൻ്റെ കൂന,
കോൺക്രീറ്റുപാളികളുടെ വിടവിലൂടെ
പുറത്തേക്ക് വരുന്ന ചില ഞരക്കങ്ങൾ,
നിലക്കുന്ന ശ്വാസത്തിൻ്റെ ഒടുവിലെയൊച്ച,
ഞാനിപ്പോൾ അബു ജലാലെന്ന 
ബഹുവചനത്തെ തേടുകയാണ്.

അതാ,അവിടെ 
ചുവരിടിഞ്ഞ മൺകൂനയ്ക്ക്
പുറത്തേക്ക് ചോര പുരണ്ട
ഒരു പിഞ്ചുകൈ നീട്ടിപ്പിടിച്ചിരിക്കുന്നു.
ചുരുട്ടിയ മുഷ്ടിയ്ക്കുള്ളിൽ 
മണ്ണുപുരണ്ട കാരയ്ക്കയുണ്ട്.

അധിനിവേശക്കൊലയിൽ
ഭൂപടം നഷ്ടമായ കുഞ്ഞുങ്ങളുടെ
ഓർമയ്ക്കായുള്ള സ്മാരകം
ഞാനെവിടെയാണ് പണിയേണ്ടത്?
========================CNKumar.

Monday, October 16, 2023

വേട്ട

 വേട്ട


എല്ലാ ദിവസവും

ഏറെ ജിജ്ഞാസയോടെ 

എല്ലാ പത്രത്തിന്റേയും

ചരമകോളത്തിൽ

എന്റെ മരണവാർത്ത തിരയുന്നു.

അത്രമേൽ ജീവിതഭയം

എന്നെ വേട്ടയാടുന്നുണ്ട്.

============CNKumar.

Sunday, October 1, 2023

ചോദ്യങ്ങൾ

 ചോദ്യങ്ങൾ


എങ്ങോട്ടാ സഖാവേ?

ആകാശത്തിലേക്കു 

പായുന്ന ചോദ്യത്തിന്

ഭൂമിയിലേക്ക് 

ഒരു ഉത്തരം പതിയ്ക്കുന്നു.


ഇതാ ഇവിടെ വരെ.


എന്താണ് നിങ്ങൾ

ചുളിവു പടർന്ന മുണ്ടും കുപ്പായവും

ഇഷ്ടപ്പെടുന്നത്?


എന്റെ സഹജീവികൾ

ഉണ്ണാനുമുടുക്കാനുമില്ലാതെ

നട്ടം തിരിയുമ്പോൾ

ചുളിഞ്ഞ വേഷം തന്നെ

ആഢംബരമല്ലേ സഖാവേ?


ആ വിളിയും മറുചോദ്യവും

എവിടൊക്കെയോ കൊണ്ട്

മുറിഞ്ഞു നോവുന്നു.


പിന്നെയെപ്പോഴൊക്കെ

കണ്ടെന്നറിയില്ല.


ഒടുവിൽ,

ചോര കട്ടപിടിച്ച ശരീരത്തിൽ

ചെങ്കൊടി പുതച്ചിങ്ങനെ കിടക്കുമ്പോൾ

ചുളിവു വീഴാത്ത കുപ്പായക്കാർ

റീത്തുമായി വരിനിൽക്കുന്നതും

പടം പിടിയ്ക്കാൻ തിരക്കു കൂട്ടുന്നതും

സഖാവേ, കനവല്ലെന്ന് കരുതാൻ

ഏറെ പാടുപെടുന്നുണ്ട്.


നിന്റെ ചേതനയറ്റ ശരീരം

ഒരു വില്പനച്ചരക്കാണെന്ന ബോധ്യം

എന്നെ സങ്കടപ്പെടുത്തുന്നു.


വേലിക്ക് പുറത്ത്

നീ ചേർത്തുപിടിച്ചവരൊക്കെ

വിതുമ്പിക്കരയുന്നുണ്ട്,

നിന്നെക്കാണാൻ കഴിയാതെ,

തിരക്ക് അത്രക്ക് കൂടുതലാണ്.


എവിടെ വച്ചാണ് സഖാവേ

നമ്മുടെ പിൻമുറക്കാരിൽ നിന്ന്

സഹജീവി സ്നേഹം പടിയിറങ്ങിയത്?

====================CNKumar.

Friday, June 23, 2023

മുത്തച്ഛൻ നട്ട ചെമ്പരത്തി വരിക്കപ്ലാവ്

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
......................................................

മുത്തച്ഛൻ നട്ട
ചെമ്പരത്തി വരിക്കപ്ലാവ്
മുറ്റത്ത് തഴച്ചുവളർന്ന്
പടർന്നു പന്തലിച്ചു നിൽപ്പുണ്ട്.
നൂറ്റാണ്ട് പഴക്കമുണ്ട്
തലമുറ കുറേക്കണ്ടതാ
എത്ര കുട്ടികളാ
അതിൻ്റെ തണലിൽ
കളിവീടുണ്ടാക്കിക്കളിച്ചത്,
അതിൻ്റെ കൊമ്പിൽ
ഊഞ്ഞാലിട്ടാടിയത്.

ചക്കക്കാലമാകുമ്പോൾ
വീട്ടിലെ മുഴുപ്പട്ടിണിയെ
അരപ്പട്ടിണിയാക്കാൻ
എന്തോരം ചക്ക തന്നോണ്ടിരിക്കുന്നതാ.
ചോരച്ചുവപ്പുള്ള ചുളകൾ
പച്ചയ്ക്കും വേവിച്ചും
പഴുപ്പിച്ചും തിന്നതിൻ്റെ രുചി
എത്ര തലമുറകളാണ്
പാടി നടന്നിട്ടുള്ളത്.

മുത്തച്ഛൻ നട്ടതാണെങ്കിലും
കുടികിടപ്പു കിട്ടിയപ്പോഴാ
പ്ലാവ് ഞങ്ങൾക്ക് സ്വന്തമായത്.

അയലോക്കത്തെ
തേവൻ വേലത്താൻ
മരിക്കുന്നതുവരെ പറയുമായിരുന്നു
പട്ടിണിയ്ക്കുതകിയ
ചെമ്പരത്തി വരിക്കപ്ലാവിനുള്ള
നന്ദി വാക്കുകൾ.

ഞങ്ങളെപ്പോലെ
തേവൻ വേലത്താൻ്റെ അപ്പൻ
വെള്ളേമ്പൻ വേലത്താനും
കുടികിടപ്പുകാരനായിരുന്നു.

തേവൻ വേലത്താൻ്റെ മക്കളും
ഞാനുമൊക്കെ ഒരുമിച്ചു
കളിച്ചും പഠിച്ചും വളർന്നവരാ.
അവരൊക്കെ വല്യവല്യ
ഉദ്യോഗമൊക്കെ ഭരിച്ച്
അപ്രത്തെ വീടുകളിൽ ഉണ്ടെങ്കിലുo
ഇപ്പോ പ്ലാവിനെ ഓർക്കാറും കൂടിയില്ല.

ഇപ്പോൾ നിറയെ ചക്ക പിടിക്കുമെങ്കിലും
പാതിയും പുഴു വെടുത്തു പോകും
കറേക്കാലമായി പ്ലാവിനെ
പുഴുശല്യം ബാധിച്ചിരിക്കുകയാണ്.
======================== CNKumar.