Thursday, July 7, 2011

ചെരുപ്പ്

ചെരുപ്പ്

നീ,
അലങ്കാരമായിട്ടാണെന്നെ
കൂട്ടിയതെങ്കിലും
പലപ്പോഴും ഞാനതില്‍ 
ലജ്ജിച്ചിരുന്നു.
കാരണം,
നിന്റെ പൊങ്ങച്ചങ്ങള്‍
എന്നെക്കുറിച്ചായിരുന്നല്ലോ.
നിന്നെച്ചുമക്കുമ്പോഴും
എന്റെ സ്നേഹത്തെ
നീയറിഞ്ഞില്ല.

നിന്റെ നിഴല്‍യുദ്ധങ്ങളില്‍
എന്നെ ആയുധമാക്കി.
എന്റെ സാമീപ്യം
നീയൊരു കരുതലാക്കി,
കാലപ്രവാഹങ്ങളില്‍
ഞാനും  നീയും
ഇരുവഴികളായിപ്പിരിഞ്ഞു
നീയകത്തും
ഞാന്‍ പുറത്തും
അങ്ങനെ നമ്മള്‍
കാളിയും ദാസ്സനുമായി.

ഇപ്പോള്‍,
ഞാനീ ചവിട്ടുപടിയിലെ
തേഞ്ഞു പഴകിയ
ഓര്‍മ്മകളില്‍
ജീവിതം തള്ളി നീക്കുന്നു,
നീയോ; സ്വപ്നങ്ങളുടെ
സ്വര്‍ണ്ണമറയില്‍
പൊരുന്നയിരിക്കുന്നു
ഒരിയ്ക്കലും വിരിയാത്ത
നിന്റെ കിനാവുകള്‍
എന്റെ ചിന്തകള്‍ക്കും
യാത്രാമൊഴികള്‍ക്കും
കാതയയ്ക്കാതെ.

നാട്ടിടവഴികളിലെ
നേര്‍ത്തമൌനങ്ങളില്‍
ആരാധനയ്ക്ക് പോകുന്ന
കുഞ്ഞുറുമ്പുകള്‍
വരിയിട്ടുവന്നെന്റെ
നനഞ്ഞ നെഞ്ചില്‍
ചേക്കേറുന്നത്
നിശ്ശബ്ദമായെങ്കിലും
ഞാനിഷ്ടപ്പെടുന്നു,
കാരണം
അവയെന്റെ സൗഹൃദം
കൊതിക്കുന്നു.

ഞാനാര്‍ക്കാണ് 
രക്ഷകനാകേണ്ടത് ?
ഈ ചോദ്യത്തിന്റെ
ഉത്തരമാണിപ്പോഴും
എന്റെ ഗവേഷണവിഷയം
അന്തിമങ്ങൂഴത്തില്‍
ഊരിയെറിഞ്ഞ
എന്റെ സൗഹൃദം
നീയെപ്പോഴാനു തിരിച്ചണിയുക. 
അതുവരേക്കും
തണുത്തുറഞ്ഞ മഞ്ഞില്‍
ശാപശിലപോലെ
ഞാന്‍ തനിയെ
വിറച്ചു,
വിറങ്ങലിച്ചു.......
=======================CNKumar.

 




   

1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നാമെല്ലാം പൊങ്ങച്ചങ്ങളുടെ ചുമട്ടുകാര്‍ ?നീയകത്തും ഞാന്‍ പുറത്തും ,എപ്പോഴും താങ്ങുന്നവരെ പുറത്തു നിര്‍ത്തുന്നു നമ്മള്‍ ..ഹാ കഷ്ടം ..