Tuesday, August 2, 2011

സ്മാര്‍ത്തവചനങ്ങള്‍

സ്മാര്‍ത്തവചനങ്ങള്‍

നിങ്ങളുടെ
വിധിവാചകം
തലക്കുമീതെ
തൂങ്ങിയാടുന്ന
ഡിമോക്ലസ്സിന്റെ
വാളാണെന്ന്
വീമ്പിളക്കുമ്പോഴും
എന്റെ ചിരി
നിങ്ങള്‍ കാണാതെപോയി.
ഭ്രഷ്ടനാക്കപ്പെട്ടവന്റെ
ചിരിയില്‍ നിങ്ങളുടെ
ചതി വായിച്ചെടുക്കാം.

എത്ര പേരുടെ
കുറ്റപത്രം നിങ്ങള്‍
വായിക്കും.....
കാക്കത്തൊള്ളായിരമോ ...?
സിംഹാസനങ്ങള്‍
ആടിയുലഞ്ഞത്
ഭൂമികുലുങ്ങിയതുകൊണ്ടല്ല,
തിരസ്കൃതന്റെ
നിശ്വാസത്താലാണെന്നത്
ചരിത്രപാഠം.

ഈ വഴികളും പുഴകളും
ഒരിയ്ക്കലും നിലയ്ക്കില്ല,
എന്റെ ചിന്തയും.
നിങ്ങളുടെ സ്വാര്‍ത്ഥത
എനിയ്ക്കജീര്‍ണമായി
അതുകൊണ്ടാണല്ലോ
പടിപ്പുരയ്ക്കു പുറത്തേയ്ക്ക്
എന്റെ കാല്‍പ്പെട്ടിയും
കിടക്കയും വലിച്ചെറിഞ്ഞത്.

നിങ്ങള്‍,
കൂലിപ്പണിയ്ക്കാരന്റെ
ചില്ലികള്‍ കൊണ്ട്
വെള്ളിക്കരണ്ടി തീര്‍ക്കുമ്പോള്‍
ഞാന്‍,
അവന്റെ  തീപുകയാത്ത
അടുപ്പുകളില്‍ പട്ടിണി
പതിയിരിയ്ക്കുന്നതുകണ്ട്
മനം നൊന്തു പ്രാകുന്ന
കുട്ടികള്‍ക്കും
അമ്മമാര്‍ക്കുമരികിലൂടെ
നടക്കുകയായിരുന്നൂ.

എനിയ്ക്കു പ്രീയപ്പെട്ടതൊക്കെയും
ഉപേക്ഷിച്ചത്
വര്‍ഗ്ഗരഹിതമണിമന്ദിരങ്ങള്‍
പടുക്കുവാനല്ലേ.
വിശന്നു മരിച്ച മകന്റെ
ശവദാഹത്തിനു
ശ്മശാനക്കൂലിയ്ക്കായി
പകച്ചോടുമ്പോഴും 
നിങ്ങളുടെ ചുണ്ടുകളില്‍
മുഴങ്ങിയത്
എനിയ്ക്കെതിയുള്ള
ശകാരവചനങ്ങള്‍.

ഇത് ഗ്രഹണസമയത്തുള്ള 
വെളിച്ചക്കുറവുമാത്രം,
മനവും മാനവും
തെളിയുന്ന പകല്‍പ്പൂരങ്ങള്‍
നിങ്ങളുടെ കാഴ്ചകള്‍ക്കുപുറത്തു
തിരനോട്ടമാടുന്നത്
നിഷ്ക്കാസ്സിതന്റെ
ചിരികളായാണ്.

ഇപ്പോള്‍,
തീട്ടൂരങ്ങള്‍ പൊട്ടിച്ചെറിയുന്ന
പോര്‍ വചസ്സുകള്‍
മുഴങ്ങുന്നത്
എവിടെയാണ്..?
============================02-08-2011




















4 comments:

മേല്‍പ്പത്തൂരാന്‍ said...

കവിത മനോഹരം... ആശംസകള്‍...

poems of CNKumar said...

thanks.........

ജന്മസുകൃതം said...

ഇപ്പോള്‍,
തീട്ടൂരങ്ങള്‍ പൊട്ടിച്ചെറിയുന്ന
പോര്‍ വചസ്സുകള്‍
മുഴങ്ങുന്നത്
എവിടെയാണ്..?


ആശംസകള്‍..

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വിശപ്പടക്കാന്‍ ഒരു തുണ്ട് റൊട്ടിയും തല ചായ്ക്കാന്‍ ഒരു കടത്തിണ്ണയും സ്വപ്നം കാണുന്നവരെക്കുറിച്ച് പാടുന്ന ഏകാന്ത ഗായകാ ,നിങ്ങളുടെ പാട്ട് ഈ കൂരിരുട്ടില്‍ തട്ടി ചിതറി ത്തെറിച്ചു അതിന്റെ ചീളുകള്‍ എന്റെ മനസ്സു കീറുന്നു ,നന്ദി ആ സുഖമുള്ള വേദനക്ക് ...