Tuesday, September 27, 2011

സായാഹ്ന മൊഴികള്‍

സായാഹ്നമൊഴികള്‍
 
ഓര്‍മ്മകളിലെവിടെയോ 
ചിതല്‍ തിന്നാതെ 
ബാക്കിവച്ച മയില്‍പ്പീലിതുണ്ടില്‍
നീ വായിച്ചെടുത്ത പ്രണയത്തുള്ളികള്‍
എന്റെ ഹൃദയത്തിലേതാണെന്ന് 
തിരിച്ചറിഞ്ഞത് സ്വപ്നങ്ങള്‍ക്ക്
ഹര്‍ത്താല്‍ പ്രഖ്യാപിച്ച
സായാഹ്നവേളയിലാണ്.
 
ഒരു പക്ഷെ ജീവിതായനത്തില്‍
മുന്നിലേയ്ക്കുനോക്കിപ്പോയ
പക്ഷികള്‍ കൂടണയാന്‍ വൈകിയതും,
നീണ്ടുപോകുന്നോരീ രാജവീഥിയില്‍
തണ്ണീര്‍പ്പന്തല്‍  തേടിയൊഴുകുന്ന
ഉച്ചവെയിലിനെപ്പോലെ ഓടിക്കിതച്ചു
മയങ്ങി വീണുപോയതും,
നിറംകെട്ട കണക്കിന്‍കുരുക്കില്പ്പെ-
ട്ടിരയെപ്പോലെ തൊണ്ടയില്‍പ്പിട-
ഞ്ഞകാലമൃത്യു പൂകിയ വാക്കുകള്‍ 
പുനര്‍ജ്ജനി നൂഴാത്തതും,
കാരണക്കെണികളായ്.
 
കാഴ്ചയുടെ പിന്‍നിലാവില്‍ കുറിച്ചുവച്ചത്
ഈ മൂവന്തിയില്‍ ഓര്‍ത്തെടുക്കുവാന്‍
ചില്ലുപൊട്ടിയ കണ്ണടയ്ക്കു കഴിഞ്ഞുവോ? 
 
പകല്‍വീടിന്റെ കോലായില്‍
നീണ്ടുപോകുന്ന റെയില്‍പ്പാത,
നാലുനേത്രങ്ങളുടെ പകല്‍പ്പൂരം,
ഊന്നുവടികള്‍ വലിച്ചെറിഞ്ഞു 
മാലതിറ്റീച്ചറിന്റെ ക്ലാസ്സിലേയ്ക്ക്
പുസ്തകവും പൊതിച്ചോറുമായി
രണ്ടുകൂട്ടുകാര്‍ നമ്മുടെ രൂപത്തില്‍ 
ചാറ്റല്‍ മഴ നനഞ്ഞു പോകുന്നു.
 
പ്രണയമഞ്ചാടികള്‍ കൂട്ടിവച്ചത്
നീയെന്താണ് പറയാതിരുന്നത് ?
അസ്തമയവേള മന്ത്രിയ്ക്കുന്ന
പിറാക്കുറുകലുകള്‍ പകരുന്നത്
ഏതുഹൃദയത്തിന്റെ വിങ്ങലുകളാണ്  ?
നിന്റെയോ എന്റെയോ 
നമ്മുടെയോ ..... 
==========================CNKumar.
 
 
  
 
  
  
 
 
 

1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഹൃദയത്തില്‍ എവിടെയോ ഒന്ന് വീണു വട്ടം കുത്തി തിരിഞ്ഞു കറങ്ങി ചലനം കുറേശ്ശെയായി നിലക്കുമ്പോള്‍ ഈ കുന്നി മണികള്‍ക്ക് എന്ത് ചന്തം ?