Tuesday, October 18, 2011

പൊരുന്ന

പൊരുന്ന


മൌനം
ബുദ്ധനു ഭൂഷണമായിരിയ്ക്കാം.
എനിയ്ക്കത് കഴിയില്ല
മരപ്പൊത്തില്‍ നിന്നും
ചിലച്ചു പറക്കാതിരിയ്ക്കാന്‍.

രാപ്പുള്ളുകള്‍
കൂട്ടുള്ളപ്പോള്‍
ഞാന്‍ ഭയക്കുന്നതാരേ?

മിണ്ടാതിരുന്നാല്‍
അവരെന്നെ വിഗ്രഹമാക്കി
ചന്തയില്‍ വയ്ക്കും.
വിഗ്രഹങ്ങള്‍
ഉടയ്ക്കപ്പെടേണ്ടതാണെന്ന്
തിരിച്ചറിയുമ്പോള്‍
കല്ലുകള്‍ എനിയ്ക്ക് നേരെ
ചീറിയെത്തും.

മനസ്സുകള്‍
കല്ഭിത്തിയാല്‍
മറയ്ക്കപ്പെട്ടിരിയ്ക്കുന്നു,
മതിലുകള്‍ പൊളിയുന്നത്
ചരിത്രത്തിലേയ്ക്കും
ചിത്രങ്ങളിലെയ്ക്കും
പടര്‍ന്നു കയറുന്നത്
കിനാവുകളിളല്ല.

ഇപ്പോള്‍ നായകള്‍ കുരയ്ക്കുന്നത്
ഇണയെ വശത്താക്കാന്‍,
യജമാനന്മാര്‍ മട്ടുപ്പാവില്‍ നിന്ന്
വീശിയെറിയുന്ന ഉണക്കയെല്ലുകള്‍
എന്റെതാണെന്നു ന്യായാധിപന്‍.

കറുത്തകോട്ട് രാത്രിയാണെന്നു
കരീലക്കിളികള്‍
‍വിളംബരം ചെയ്യുമ്പോള്‍
ബോധിവൃക്ഷം
വിറങ്ങലിയ്ക്കുന്നത്
ഏതു ജാലകത്തിലൂടെയാണ്
നീയറിഞ്ഞത്?

ശബ്ദമാപിനിയില്‍
അളന്നെടുക്കാന്‍
നാഴി വാക്കുകള്‍
എനിയ്ക്കുള്ളത്
കടം ചോദിയ്ക്കരുത്.

തന്നാല്‍ നിങ്ങളത്
നുണകള്‍ക്ക് നിറം കൊടുക്കാനായി
അരച്ചൊരുക്കും.
അതിനാല്‍
ചിരട്ടക്കുടുക്കയില്‍
എനിയ്ക്കെടുക്കാന്‍ പാകത്തില്‍
വാക്കുകള്‍ അടയിരിക്കട്ടെ.
============================CNKumar






2 comments:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

തന്നാല്‍ നുണകള്‍ക്ക് നിറം കൊടുക്കാനായി നിങ്ങള്‍ അരചോരുക്കും,പൊരുന്നയിരുന്ന വാക്കുകള്‍ ഉയിരാര്‍ന്നു ,തണ്ടും തടിയും വെച്ച് വെട്ടുക്കിളികളെ പോല്‍ പറന്നടുക്കുന്നു ,ശക്തമായ കവിതയുടെ ആണ്‍ രൂപം ..ഏതു ജാലകത്തിലൂടെ എന്നത് ടൈപ്പ് ചെയ്തപ്പോള്‍ ഇത് ജാലകത്തിലൂടെ എന്നായിപ്പോയി .

viddiman said...

ഉജ്വലം... തീഷ്ണം...
വാക്കുകളിൽ തീയെരിയട്ടെ