Monday, January 9, 2012

മാവ് പൂക്കുമ്പോള്‍

 
മാവ് പൂക്കുമ്പോള്‍ 

മാവ് പൂക്കുമ്പോള്‍ 
മണ്ണും മനസും 
വേനല്‍ പറിച്ചെടുക്കുന്നു. 
വിണ്ടുകീറിയ പാടങ്ങളില്‍
വിരഹിണിയായ ഭൂമിയും
മഞ്ഞണിഞ്ഞ വാനവും
തമ്മില്‍ പറഞ്ഞത്
മാമ്പൂക്കളുടെ നിലയ്ക്കാത്ത
ചിരിയിലെ ചതിക്കുടുക്കുകളെ 
കുറിച്ചായിരുന്നുവോ

പഴങ്കഥകളിലെ
മുത്തച്ഛനെപ്പോലെ 
നാട്ടുമാവിപ്പോള്‍
ഓര്‍മ്മകളില്‍ മാത്രമേ
പൂവിടാറുള്ളൂ.
കാറ്റലച്ചെത്തുമ്പോള്‍
കൊഴിഞ്ഞുപോകുന്ന ജീവിതങ്ങള്‍
വര്‍ത്തമാനവൃത്താന്തങ്ങളിലും
നിണച്ചാലുകള്‍  തീര്‍ക്കുന്നു.

മദിച്ചൊഴുകുന്ന പുഴയിപ്പോള്‍
കണ്ണുകളില്‍ നിന്നാണ്
യാത്ര തുടങ്ങുവതെന്നു
നീയാണ് പഠിപ്പിച്ചത്.
അതുകൊണ്ടാണല്ലോ
നാമിപ്പോള്‍ വഴിയോരത്തെ
കാലൊടിഞ്ഞ സിമെന്റു ബഞ്ചിലെ
മഞ്ഞുപ്രതിമകള്‍ പോലെ
നിരലംബരായ്....

മാവുപൂക്കുംപോള്‍ 
ഇപ്പോള്‍ ഒരു വിരസതയാണ്. 
കൊഴിഞ്ഞു പോകുന്ന 
ബാല്യത്തിന്റെയും 
തിരസ്ക്കരിയ്ക്കപ്പെടുന്ന 
വാര്‍ദ്ധക്യതിന്റെയും
വെള്ളിവെളിച്ചങ്ങള്‍
തിമിരക്കാഴ്ച്ചകള്‍ പോലെ 
മിന്നിമറയുമ്പോള്‍
കാലദേശങ്ങളും  
കാര്യകാരണങ്ങളും
നിര്‍വചനനിയമങ്ങള്‍ ഭേദിച്ച്
നിയതമായ ഭ്രമണപഥങ്ങളില്‍ 
ലക്ഷ്യവും നിയന്ത്രണവും
നഷ്ടമായ കടലാസുപട്ടം പോലെ
നമ്മള്‍ ഇപ്പോഴും
മാഞ്ചോടുകളില്‍ തന്നെ .....
==============================CNKumar

1 comment:

grkaviyoor said...

ആ മാവല്ലേ മുത്തച്ചനോടൊപ്പം
വെട്ടി വെണ്ണിറായത് ഇനി പൂക്കാന്‍ ഉള്ള
മാവിനു കോടാലി ഉയരുന്നു ഫ്ലാറ്റു കെട്ടുവാന്‍