Thursday, March 22, 2012

പൂച്ചകളുടെ പൊതുസ്വഭാവം.


പൂച്ചകളുടെ പൊതുസ്വഭാവം.


കണ്ണടച്ചിരിയ്ക്കുന്നത്
പൂച്ചകളുടെ പൊതുസ്വഭാവമാണ്.
അതാണ്‌ നീയും ചെയ്യുന്നത്.
അല്ലെങ്കില്‍
നിന്റെ  മുന്നിലേയ്ക്ക് നീണ്ടു വന്ന 
എന്റെ  കൈ നീ കാണില്ലേ

മുങ്ങിത്താഴുമ്പോഴുള്ള
അഭയത്തുരുത്തു നിഷേധിച്ച
ജാള്യത മറയ്ക്കാന്‍
നീയണിഞ്ഞ  കറുത്തകണ്ണട
മനസിലേയ്ക്കും വേണ്ടിവരും,
ഇരകണ്ട  പൂച്ചയെപ്പോലെ
തപസ്സു ചെയ്യുന്നത് 
എന്റെ  മാംസം സ്വപ്നം കണ്ടു.

കാലംതെറ്റി പൂത്ത കൊന്നകള്‍
ബാല്യജാലകം തുറക്കുന്നത്
നാം കൈകോര്‍ത്തു നടന്ന
നാട്ടുവഴിയിലെയ്ക്കും
പെരുവഴിയോരത്തെ
നാട്ടുമാഞ്ചോട്ടിലേയ്ക്കും.

നമ്മള്‍ പങ്കുവച്ച പൊതിച്ചോറിന്റെ കഥ
പള്ളിക്കൂടത്തിലെ  പഴഞ്ചന്‍ ബഞ്ച്
ഇന്നാളു കണ്ടപ്പോഴും പറഞ്ഞു.
വഴിയ്ക്ക് കുറുകെ ചാടിയപൂച്ച
ഇപ്പോള്‍ ജീവിതത്തിനു കുറുകെ 
ചാടിത്തിമിര്‍ക്കുകയാണ്.

കല്ലുസ്ലേറ്റില്‍ രണ്ടു പൂജ്യം കൊണ്ട് 
നാം വരച്ചപൂച്ചയിന്നു
പൂജ്യം മാത്രം ശേഷിപ്പിച്ചു
വലിച്ചെറിഞ്ഞ ജീവിതങ്ങളാണ്
 വഴിയോരക്കുടിലുകളില്‍   
നിരങ്ങിയൊടുങ്ങുന്നത്

പൂച്ചയിപ്പോള്‍ നായകനോ
പ്രതിനായകനോ ?
പ്രതികളാകാന്‍ ആളുള്ളപ്പോള്‍
പൂച്ചകള്‍ സപ്രമഞ്ചം വിട്ടു
താഴേയ്ക്കിറങ്ങില്ലല്ലോ.
അങ്ങനെയാണ്
ജനാധിപത്യം ജന്മംകൊണ്ടത്‌.
=============================CNKumar.  

4 comments:

Shaleer Ali said...

വഴിയ്ക്ക് കുറുകെ ചാടിയപൂച്ച
ഇപ്പോള്‍ ജീവിതത്തിനു കുറുകെ
ചാടിത്തിമിര്‍ക്കുകയാണ്.
പൂച്ച ജീവിതത്തിന്റെ അവ്യക്തമായ വീഥികള്‍ പോലെ
നര ജീവിതവും..... കുറുകെ ചാടുന്ന കരിം പൂച്ചകള്‍ക്ക് മുന്നില്‍ പകച്ചു നിന്ന് പോയ ദശാ സന്ധികളും........!!

കൂടുതല്‍ ആഴത്തില്‍ നിരൂപണം ചെയ്യാനൊന്നും അറിയില്ല ....കവിത ഇഷ്ട്ടമായി ..ഇനിയും വരാം ഇത് വഴി .....ആശംസകള്‍ cn chettaa :))

grkaviyoor said...

പാക്കരന് കാച്ചി വച്ച പാലുകുടിച്ച പൂച്ചേ
പാക്കരന്‍ വരുവോളം എത്തമിടു പൂച്ചേ

kanakkoor said...

ഡിയര്‍ ജി ,
നല്ല കവിത. പൂച്ച നായകനോ പ്രതിനായകണോ എന്ന ചോദ്യം നന്നായി .
എനിക്ക് മറ്റൊരു അഭിപ്രായം ഉണ്ട് .
പൂച്ചകളെ താങ്കള്‍ കുറച്ചു കൂടി നിരീക്ഷിക്കണം .
അവയുടെ പൊതുസ്വഭാവം വിട്, സൂക്ഷിച്ചു നോക്കിയാല്‍ നരഭോജികളുടെ മിനിയേച്ചര്‍ അവിടെ കാണാം.

K.P.Sukumaran said...

കവിത നന്നായിരുന്നു. ആശംസകളോടെ,