Wednesday, April 18, 2012

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.

തലസ്ഥാനത്തു നിന്നുള്ള വാര്‍ത്തകള്‍.
പകല്‍കാഴ്ചകളില്‍  
മനസ്സ് മുങ്ങിത്താഴുമ്പോള്‍
ചിന്തകളില്‍, 
തലസ്ഥാനത്തു നിന്നെത്തുന്ന വാര്‍ത്തകള്‍ 
നീര്‍ക്കാടയെപ്പോലെ 
മുകള്‍പ്പരപ്പില്‍ തന്നെയായിരുന്നു.   
ഇടയ്ക്കിടെ അവ ഓളപ്പാത്തികളിലൂടെ
നീന്തിയും മുങ്ങാന്കുഴിയിട്ടും 
ചഞ്ചലപ്പെടുത്തുന്നു .
വാര്‍ത്തകള്‍ക്കിപ്പോള്‍
ഓന്തിന്റെ വ്യക്തിത്വം 
അവ പുറപ്പെടുന്ന നിറവും 
എത്തിച്ചേരുന്ന നിറവും
മോരും മുതിരയുംപോലെ.  
ചുവപ്പുകോട്ടയില്‍ പതാക ഉയരുന്നു
വെടിയൊച്ച കേട്ടത് അതിര്‍ത്തിയില്‍.
ബ്യൂഗിള്‍ മുഴങ്ങിയത് വംഗദേശത്തു
ഡ്രം മുഴങ്ങുന്നത്,
ആദിവാസി വനിതയുടെ നെഞ്ചിലും.
വിശിഷ്ടസേവനപതക്കങ്ങള്‍
താലത്തില്‍ യോഹന്നാന്റെ തലപോലെ
എന്തൊക്കെയോ പിറുപിറുക്കുന്നു.
ഒന്നാം പതക്കം:- ഞാന്‍ അതിര്‍ത്തിയില്‍
രാജ്യത്തിന്‌ വേണ്ടി പൊരുതി മരിച്ച ജവാന്റെ
വിധവയുടെ കണ്ണീര്‍ തുടയ്ക്കാന്‍ പോകുന്നു.
രണ്ടാം പതക്കം:-  ഞാന്‍ ഭാവിതലമുറയെ
വാര്‍ത്തെടുക്കാന്‍ പണിപ്പെടുന്ന
അദ്ധ്യാപകന് കൂട്ട് പോകുന്നു.
മൂന്നാം പതക്കം(തെല്ലഹന്കാരത്തോടെ):- ഞാന്‍
കല്ലുകള്‍ക്ക് ഗര്ഭോത്പ്പാദനശേഷിയുണ്ടോയെന്നു  
പരീക്ഷിയ്ക്കുന്ന പോലീസ്സ് മേധാവിയോടൊപ്പം.
അകലെ മരക്കൊമ്പിലിരുന്ന ബലിക്കാക്ക
നെറ്റിചുളിച്ചു നീട്ടിത്തുപ്പി....ത്ഫൂ ...
കൊല്‍ക്കത്തയിപ്പോള്‍  കൊലക്കളമാണ്.
ജയിലറകള്‍ നിറയ്ക്കാനുള്ള വാറോല
നീട്ടും കഴിഞ്ഞുള്ള യാത്രയിലാണ്.
ഛ‍ത്തീസ്ഗഡിലെ ജയില്‍ മുറി
കറുത്തു മെല്ലിച്ചൊരു സ്ത്രീരൂപം
നിലത്തു കിടന്നു ഞരങ്ങുന്നു.
ഗിനിപ്പന്നികള്‍ ബലി മൃഗങ്ങളാണ്
ഇടവേളയില്ലാതെ വേട്ടയാടപ്പെട്ടവള്‍
ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി.
കരിമ്പൂച്ചകള്‍ കാവലിരിയ്ക്കുന്ന
ഭരണപ്പുരകള്‍  പൊളിച്ചടുക്കുന്ന സുനാമി
ഏതുകണ്ണില്‍ നിന്നാണ് പുറപ്പെടുന്നത്?
വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല.
ഒരിടവേളയ്ക്ക ശേഷം തുടരും .
 ============================== CNKumar.

2 comments:

ജീ . ആര്‍ . കവിയൂര്‍ said...

തല സ്ഥാനത്ത് തന്നെ തലസ്ഥാനം തേടി മുഖ്യനും മന്ത്രിമാരും
തല തിരിഞ്ഞ കാമ വേറിയന്മാര്‍ പാത മറക്കാതെ മുന്നേറുന്നു
താളവും താലവും മേന്തി നില്‍ക്കുന്ന ബാലികമാര്‍ക്ക് ജീവനു ആപത്ത്
തലപ്പത്ത് ഇരിക്കുന്നവന്‍ ഈ തുലികയുടെ ചലിപ്പുകള്‍ കണ്ടിരുന്നെങ്കില്‍

kanakkoor said...

പ്രിയ സി എന്‍
വാര്‍ത്തകള്‍ എന്നും അങ്ങനെയാണ് എന്ന് വീണ്ടും പറഞ്ഞുതന്നു.
പതക്കങ്ങളുടെ വെളിപ്പെടുത്തല്‍ നന്നായി.
എങ്കിലും കവിതയില്‍ മോരും മുതിരയും പോലെ ചിലയിടങ്ങളില്‍ ........?!