Friday, May 18, 2012

രക്തസാക്ഷി ഭാര്യയോടു പറഞ്ഞതില്‍ നിന്നും..(റ്റാപ്പ്‌ ചെയ്തത്)


രക്തസാക്ഷി ഭാര്യയോടു പറഞ്ഞതില്‍ നിന്നും..(റ്റാപ്പ്‌ ചെയ്തത്)

ഗീതേ,
ചത്തുമലയ്ക്കുന്നതിന്‍ മുമ്പ്,
ഒരു ഗാഥ കൂടി ഞാന്‍ 
ഓര്‍മപ്പെടുത്തുന്നു. 
ഇരുള്വഴിയിലെവിടെയോ 
ഒരു കണ്ണ്  പിന്തുടരുന്നുണ്ട്. 
പതിയിരിയ്ക്കുന്നോരാ 
പകല്‍മാന്യ ജീവിയെ  
നഖങ്ങളില്‍ കോര്‍ത്തു 
കൊളുത്തി വലിയ്ക്കുവാന്‍ 
ദുരമൂത്തു കാക്കും കാമാപ്പിശ്ശാചുകള്‍,
പുലര്‍ വേളയെന്നു നിനയ്ക്കാക 
നീയീ പാതിരാത്തെളിവിനെ,  

തീവണ്ടി മുറിയില്‍ നീ 
തനിച്ചാകാതിരിയ്ക്കുവാന്‍,
തിരക്കിട്ട യാത്രയില്‍ 
കൂടെക്കരുതുകീ  വാക്കുകള്‍ 
ഒരു നേത്രമെപ്പൊഴും
ജാഗ്രത്താക്കുക.

ഞാന്‍ വെട്ടേറ്റുവീണൊരീക്കവലയില്‍  
സ്മാരക സ്തൂപമുയര്‍ത്തുവോര്‍  
മിത്രങ്ങളല്ലവര്‍, കൂട്ടിക്കൊടുപ്പുകാര്‍
നിന്‍ കണ്ണീരു വില്‍ക്കാനിറങ്ങിയോര്‍.

ഇതുകൂടിയോര്‍ക്ക നീ 
കരയരുത് കണ്ണീരൊഴുക്കരുത്,
വാര്‍ത്ത പടയ്ക്കാന്‍ നില്‍ക്കരുത്. 
കൊടിനിറം കണ്ടു ഭ്രമിയ്ക്കരുത്.
ചോര പടര്‍ന്നതാണതിലെന്റെയും.
ഞാനിനി നിന്നിലെയ്ക്കൊരു 
തരംഗപാരസ്പര്യം ചമയ്ക്കുന്നു.  
പരിധിയില്‍ തന്നെയിരിയ്ക്കുക 
പരാതികള്‍ എന്നോട് മാത്രം പറയുക.
============================CNKumar.



1 comment:

kanakkoor said...

വളരെ കാലിക പ്രസക്തിയുള്ള കവിത. വളരെ നന്നായി. അവള്‍ ഈ കവിത കണ്ടിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു .