Wednesday, July 18, 2012

ചില സ്വപ്നപ്പേച്ചുകള്‍
ചില സ്വപ്നപ്പേച്ചുകള്‍  

കരകരാ കരയുന്ന ഫാനിന്‍ ചോട്ടില്‍
അക്ഷരപ്പലകയുമായിരുന്നു എന്തെഴുതും?
എകാന്തതയുണ്ടെങ്കിലേ എയ്ത്തുവരൂ.
അടച്ചു വച്ച മീന്‍ പാത്രത്തിനരുകിലെ 
പൂച്ചയെപ്പോലെ ഞാനിരിയ്ക്കുന്നു.   

കാലില്‍ 
പറ്റിയ ചെളി
കഴുകാനൊരു
തുള്ളിവെള്ളം 
അതാണല്ലോ 
എന്റെ വീട് നിന്ന് കത്തുന്നത് .
കരഞ്ഞു തളര്‍ന്ന 
കുട്ടികളുടെ  വായില്‍   
തിരുകിവച്ച 
സാനിട്ടറീനാപ്കിനുകള്‍,
നിന്റെ വാഗ്ദത്തഭൂമിയുടെ കഥകള്‍ 
ആലേഖനം ചെയ്യപ്പെട്ട കടപ്പത്രങ്ങള്‍.

മുടിപ്പുരകളില്‍ 
കലിയൊടുങ്ങാത്തോറ്റങ്ങളുടെ 
നിണ സമര്‍പ്പിത ഹരണക്രിയകള്‍.
കൃഷിയിപ്പോള്‍ ലാഭം 
ആണയിട്ടു പറയുന്ന സത്യങ്ങള്‍ 
നുണകളാവാന്‍ എത്ര സത്യം പറയണം?
പുഴുക്കല്ലരി  ചോറുണ്ട് പുഴുകേറിയ
സ്വപ്നങ്ങള്‍ക്കും വേണ്ടേ ഇത്തിരി വിശ്രമം?
അതിനാല്‍ ഞാനിപ്പോള്‍ ദുസ്വപ്നങ്ങളുടെ 
തുടര്‍ചലനങ്ങളില്‍ കൈവച്ചു ഉറക്കറസീന്‍ 
അഭിനയിച്ചു തിമിര്‍ക്കുകയാണ്.

വാര്‍ദ്ധക്ക്യപ്പായയില്‍ സഹശയനത്തിന് 
വിശ്വസുന്ദരിയെ നിങ്ങള്‍ വിട്ടുതന്നത് 
എനിയ്ക്ക് ക്ഷാ പിടിച്ചു.
അതാണല്ലോ കൂലിയെഴുത്തുകാര്‍
വെള്ളം തൊടാതെ തൊണ്ടയില്‍
ക്ഷേമപ്പട്ടിക തിരുകി അര്‍മ്മാദിയ്ക്കുന്നത്‌.
ഇങ്ങനെ സ്നേഹിച്ചു കൊല്ലരുത് 
എണ്ണ തെളിയുമ്പോള്‍ ചക്കളത്തിപ്പോര് 
കുഞ്ഞൂട്ടാ, ഈ കടലെത്ര വാവുബലി കണ്ടു.

ഇങ്ങനെ നോക്കി പേടിപ്പിയ്ക്കരുത്,
നാവില്‍ നാരായം തറച്ചു 
ശബ്ദത്തിന് പൂട്ടിടുമ്പോള്‍   
ആദ്യക്ഷരസൃഷ്ടാവായ എഴുത്താണി 
ഒരായുധമാണെന്നും അവസരോചിതമായി 
അതോലയിലും മേനിയിലും മുറിപ്പെടുത്തും.
അതല്ലേ അക്ഷരത്തിന്റെ അരികിനിത്ര മുന.

ഒന്നും പറയാതിരിയ്ക്കലല്ല മൌനം  
വേട്ടനായ്ക്കള്‍  കുരച്ചെത്തുമ്പോള്‍  
ഇരകള്‍ പതുങ്ങുന്നതും 
സംഘബലം കൂട്ടുന്നതും  
പൂത്താലമെടുക്കാനല്ല.............
===================================CNKumar.

മുളവന എന്‍. എസ്. മണിയുടെ രചന.5 comments:

kanakkoor said...

ആദ്യം ഒരു ഒഴുക്കന്‍ മട്ടില്‍ വായിച്ചു പോയി. പിന്നെ അറിഞ്ഞു ഒരുപാടു തലങ്ങള്‍ ഉള്ള ഒരു രചന എന്ന് . ആശംസകള്‍

MANGALASSERIL N PRASANNA KUMAR said...

ഓരൊ വായനയിലും മൂര്‍ച്ച കൂടുന്ന അക്ഷരങ്ങളുടെ നടുവിലൂടെ .......
നേരുറഞ്ഞ നൊമ്പരങ്ങളുടെ വിരല്‍ത്തുമ്പു തൂങ്ങി ഒരു യാത്ര....അനുഭവങ്ങളുടെ കുളിരും തണലും ........ആശംസകളോടെ.....

rskurup said...

ഗൌരവ പൂർവമായ വായന ആവശ്യപ്പെടുന്ന കവിത ;വിശദമായി വായിച്ചിട്ട് അഭിപ്രായം എഴുതാം കുമാർ .അതല്ലേ ഒരൊഴുക്കൻ കമന്റിനേക്കാൾ നല്ലത് ?

■ ganga dharan ɯɐʞʞɐuuǝɹı ■ said...

നോട്ടം says:
പറയാനുള്ളത് പറയാനും കൊള്ളേണ്ടിടത്ത് കൊള്ളിക്കാനും കഠിന പദങ്ങള്‍ തന്നെ വേണം. നന്നായിട്ടുണ്ട് നന്ദേട്ട.

CN Kumar said...

നന്ദി
കണക്കൂര്‍,എം എന്‍ പ്രസന്നകുമാര്‍,ആര്‍. എസ് കുറുപ്പ് സര്‍, മാക്കന്നേരി എല്ലാവര്ക്കും