Tuesday, January 3, 2012

മഴപറഞ്ഞത്‌

മഴപറഞ്ഞത്‌

തിമര്‍ത്തു പെയ്യുന്ന 
മഴകണ്ടിരിയ്ക്കുമ്പോള്‍
അമ്മ നനഞ്ഞ വിറകു പോലെ 
അടുക്കളയില്‍ പ്രാരാബ്ദങ്ങള്‍ 
പാചകം ചെയ്യുകയായിരുന്നു.

കര്‍ക്കിടകത്തിലെ മഴ
ണ്ണിന്റെ കണ്ണീരാണെന്ന 
പഴംപുരാണം ചാരുകസാലായിലെ   
മുഷിഞ്ഞതുണിയില്‍  
ചുരുണ്ടുകിടക്കുന്ന
പൂച്ചയെപ്പോലെ  
മുത്തശ്ശന്‍ മുരളുന്നു. 

ചിലപ്പോള്‍  നീര്‍ക്കുമിളകള്‍  
വിരിയുന്നത്  ഭൂമിയുടെ   
നിശ്വാസാമായിരിയ്ക്കും.

കടലാസ് പായ് വഞ്ചികള്‍
ബാല്യത്തിലേയ്ക്കുള്ള
മടക്കയാത്രയിലാണ്.

കൂട്ടത്തില്‍ മാലതിയോപ്പോളുടെ 
ചിരിപോലെ വാരിവെള്ളത്തിന്റെ
മഴക്കിലുക്കങ്ങള്‍. 

ഇപ്പോള്‍ ഏതുകണ്ണുകളില്‍നിന്നാണ്  
മഴതിമിര്‍ക്കുന്നത്?

അമ്മയിപ്പോള്‍
കല്‍വിളക്കിലെ തിരിപോലെ
എണ്ണവറ്റി കൂടെരിയുന്നത് 
എന്റെ പാഠപുസ്തകത്തിലെ 
ചതുരക്കള്ളികളില്‍
തെളിയാതെ പോയതെന്തേ?

പ്രവാസിയുടെ ഗതികേടില്‍
വെളിപ്പെടാതെ പോയ സ്നേഹം
വൃദ്ധസദനത്തിലെയ്ക്ക്
വലിച്ചെറിഞ്ഞത്
കാലംതെറ്റിയെത്തിയ
പേമാരിപോലെ

മണ്ണിനും മനസിനും 
വേദനയായി 
നീറി നീറി...
തീമഴപോലെ...... 
==============================CNKumar.

2 comments:

ജന്മസുകൃതം said...

മഴപറഞ്ഞത്‌

തിമര്‍ത്തു പെയ്യുന്ന
മഴകണ്ടിരിയ്ക്കുമ്പോള്‍
അമ്മ നനഞ്ഞ വിറകു പോലെ
അടുക്കളയില്‍ പ്രാരാബ്ദങ്ങള്‍
പാചകം ചെയ്യുകയായിരുന്നു.



ഒരു പാട് കവിതകള്‍ എഴുതിയിട്ടുണ്ടല്ലോ .എല്ലാം ഒന്നിനൊന്നു മെച്ചം ....ഏതെങ്കിലും വെളിച്ചം കണ്ടുവോ?
ബ്ലോഗില്‍ ഒതുങ്ങാതെ മുഖ്യധാരയിലേയ്ക്ക് വരുവാന്‍ ശ്രമിക്കു....
ആശംസകളോടെ

ജെപി @ ചെറ്റപൊര said...

ചിലപ്പോള്‍ നീര്‍ക്കുമിളകള്‍
വിരിയുന്നത് ഭൂമിയുടെ
നിശ്വാസാമായിരിയ്ക്കും.


നന്നായി ചേട്ടാ