ഓക്കാനം ഒരു രോഗമാണ്
മസാക്കാകിഡ്സിൻ്റെ
ചടുലനൃത്തച്ചുവടുകൾ കണ്ടിട്ട്
മൂക്കത്തു വിരലുവച്ചുപറയുന്നു
പിള്ളാർക്ക് ഒട്ടും കോസ്റ്റ്യൂം സെൻസില്ല.
നാം നമ്മുടെ കുട്ടികൾക്ക്
നൃത്തം ചെയ്യാൻ പളപളത്ത
ഉടയാടകൾ അണിയിച്ചൊരുക്കുന്നതു
കണ്ടു പഠിക്കണം അവുത്തുങ്ങൾ.
ചത്തപശുവിൻ്റെ തോലുരിച്ചു
അന്നത്തിനു വഴി തേടുന്നവരെ നോക്കൂ
മെനകെട്ടവർഗ്ഗം തന്നെ
ഒരു വൃത്തിയും വെടിപ്പുമില്ല
ഓക്കാനം വന്നിട്ടു വയ്യ
ഇവർക്ക് വൃത്തിയായി നടന്നു കൂടേ
ഈ വൃത്തികെട്ട പണി ചെയ്തു വേണോ
കുടുംബം നയിക്കാൻ.
ഓടയിലൂടെ ഒഴുകി വരുന്ന
ചീഞ്ഞ പഴങ്ങൾ പെറുക്കി തിന്നുന്ന
തെണ്ടിപ്പിള്ളാരെ നോക്കൂ
നാണമില്ലേ ഇവറ്റകൾക്ക്
തന്തക്കും തള്ളയ്ക്കും ഇത്തിരിയെങ്കിലും
ഉത്തരവാദിത്തം വേണ്ട
കുളിയുo നനയുമില്ലാത്ത കൂട്ടങ്ങൾ
നമ്മുടെ കുട്ടികളെ ഇങ്ങനെയാണോ
വളത്തിക്കൊണ്ടു വരുന്നത്.
കോണകവും തലേക്കെട്ടുമായി
പാടത്തു പണി ചെയ്യുന്ന
കറുത്ത മനുഷ്യരെ നോക്കു
കോതമ്പും ചോളവും ബജ്റയുമെല്ലാം
നട്ടുണ്ടാക്കുന്ന ഇവറ്റകൾക്
നല്ലൊരു മുണ്ടുടുത്തു നടന്നൂടെ
ഞങ്ങളെ നോക്കൂ
എത്ര വൃത്തിയായാണ്
അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
നിങ്ങളെ നോക്കി നോക്കി നടക്കാൻ
പഠിക്കാൻ പറയാൻ നിങ്ങളാരാ?
മണ്ണിൽച്ചവിട്ടി, മഴ നനഞ്ഞു
ഇലയും പൂക്കളും നുള്ളി മണത്ത്
വെയിലു കൊണ്ടു വെട്ടി വിയർത്ത്
പാടത്തും പണിശാലയിലും
പണിയെടുത്തു കറുത്ത്
പുഴുക്കളെപ്പോൽ മടച്ച്
വരുന്ന ഞാളേo പുള്ളാരേo
കാണുമ്പോ ങ്ങക്ക് ഓക്കാനം വരുന്നെങ്കി
നിങ്ങക്കെന്തോ വയ്യായ്കയുണ്ട്
ശടേന്ന് ആശൂത്രീ പൊക്കോളി.
===================CNKumar.
No comments:
Post a Comment