മൊയ്നുക്കാൻ്റെ മക്കാനി
മൊയ്നുക്കാൻ്റെ മക്കാനി
പുലർച്ചെ തന്നെ സമോവാർ
കത്തിച്ചു ഉറക്കമുണരും.
അനക്കുന്ന വെള്ളത്തിന്
കൂട്ടിരിക്കാൻ
ചന്ദ്രേട്ടൻ്റെ പാൽപ്പാത്രം
തല വഴിയേ പുതപ്പും ചൂടി
പടിഞ്ഞാറുനിന്നു
ധൃതിയിൽ നടന്നു വരും.
പിന്നെ ഗ്ലാസുകളും തകരപ്പാത്രവും
തേയില സഞ്ചിയും
ബെയ്സിനിലെ വെള്ളത്തിൽ
മുങ്ങിക്കുളിച്ച് നിരന്നു നിൽക്കും.
ഏറെത്താമസിയാതെ
ടാപ്പിംഗ് കഴിഞ്ഞ്
ദിവാകരനും ജോസപ്പും
ഉരുവും കലപ്പയുമായി
മാണിക്യനും മകൻ ചോയിയും
തണുപ്പിൻ്റെ ശീരുപിടിച്ച് വന്നെത്തും.
നുകയും കലപ്പയും കെട്ടിപ്പിടിച്ച്
സത്യൻ്റെയും ഷീലയുടേയും
ബ്ലാക്ക് & വൈറ്റ് പോസ്റ്ററിൽ
തലചേർത്ത് ചാരി നിൽക്കും.
അപ്പോഴേക്കും ഉലകം ചുറ്റി
മണിയടിച്ചുവരുന്ന
സൈക്കിളിൽ നിന്നൊരു പത്രം
കറുകറുത്ത ഡസ്ക്കിൻ്റെ
മുകളിലേക്ക് ലാൻ്റ് ചെയ്യും.
ബഞ്ചുകൾ ഭാരം താങ്ങാനാവാതെ
ഞരങ്ങുകയും മൂളുകയും ചെയ്യും.
ഗ്ലാസുകൾ തങ്ങളുടെ ഉള്ളിൽ നിറയുന്ന
കദനതാപങ്ങളെ പലരിലേക്ക്
പോയി നിറയ്ക്കുകയും
തിരികെയെത്തി മുങ്ങിക്കുളിച്ച്
വാലായ്മ മാറ്റുകയും ചെയ്യും.
ചിലപ്പോൾ ഡസ്ക്കുകൾ
വാദം ഉറപ്പിക്കാൻ നെഞ്ചത്തടിച്ച്
രാഷ്ട്രീയം പറയും.
സാക്ഷികളായ പഴക്കുലകളും
പലഹാരങ്ങളും ജീവത്യാഗം ചെയ്യും.
പുറത്തു നിന്നും വരുന്നൊരാൾക്ക്
അവിടം സർവ്വമത സമ്മേളനവേദി.
അവിടുത്തുകാർക്ക് സങ്കടങ്ങളും
പരാതികളും നിവർത്തിക്കുമത്താണി.
രാവിലെയും വൈകിട്ടും
പതിവായി മക്കാനി
കളിക്കും ചിരിക്കും കഥപറയും പാടും
ചില നേരങ്ങളിൽ സമരങ്ങൾക്ക്
പടയൊരുക്കം നടത്തും.
ഭരതപുരക്കവലയിൽ ഇന്ന്
പുരാതനമായത്
ആ മക്കാനി മാത്രമാണ്.
കരിയും പുകയും ഇപ്പോഴും
മക്കാനിയെ പുതച്ചിരിക്കുന്നു.
പെട്ടെന്നൊരുനാൾ മാനം കറുത്തു
കുറേ മനുഷ്യരുടെ തലച്ചോറിലേക്ക്
വിഷത്തുള്ളികൾ പെയ്തു നിറച്ചു.
ഇപ്പോൾ മൊയ്നുക്കയും ഞാനും
ചന്ദ്രനും ദിവാകരനും ജോസപ്പും
മാണിക്യനും ചോയിയും മെല്ലാം
നനഞ്ഞു കുളിച്ച് മക്കാനിക്ക്
മുന്നിൽ നിൽക്കുകയാണ്.
ചുറ്റിലും ഇരുട്ട് ഭേദിക്കുന്ന
വാൾത്തിളക്കങ്ങൾ,
ചോര ദാഹിക്കന്ന കണ്ണുകൾ,
പോർവിളികൾ, ആക്രോശങ്ങൾ,
നിലവിളികൾ, ശവം മണക്കുന്ന കാറ്റ്.
ഞങ്ങളുടെ മേൽ മാത്രമെന്തേ
വെളിച്ചത്തിൻ്റെ ഒരു തുള്ളി പരക്കുന്നു?
===========================CNKumar.
No comments:
Post a Comment