നിര്‍വ്വചനങ്ങള്‍
പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
പ്രണയമൊരു മോര്‍ഫിന്‍
കിടക്കയല്ലെന്ന പൊരുള്‍
പകല്‍വെളിച്ചത്തില്‍ നീ
വായിച്ചറിയുക........
പ്രണയം,
ജാമിതീയത്തിന്നതിരുകള്‍
ഭേദിച്ചൊഴുകും മഹാനദി.
ശബ്ദ വീചികള്‍ക്കപ്പുറം
നീണ്ടുപോകുന്നൊരു നേര്‍രേഖ,
കേവലബിന്ദുവിനു ചുറ്റും
പ്രദക്ഷിണം വയ്ക്കുന്ന
തീര്‍ത്ഥാടകയല്ല,
ജനിമൃതിയ്ക്കുള്ളിലൊതുങ്ങി-
യടിയുന്ന രേഖാംശം.
പ്രണയം,
വേനലും വര്‍ഷവും
വേഷപ്പകര്‍ച്ചകളാടി-
പ്പൊലിക്കുന്ന വേദിയില്‍
സഹാചാരികളായി
നിത്യം പരസ്പരം
താങ്ങായ് തണലായൊ-
ന്നിച്ചുപോകുമൊരു
പാതയുടെയനന്തത.
പ്രണയം,
ഒരു തീര്‍ത്ഥാടനത്തി-
ന്നൊടുവിലെ ശാന്തത.
കലിതുള്ളിയെത്തുന്ന
കാലവര്‍ഷത്തിന്നിടവേള.
താളമായിഴചേര്‍ന്നിണക്കിയ
ദാരുശില്പത്തിന്‍ സ്നിഗ്ദ്ധത.
പ്രണയം,
പുലര്‍കാലരശ്മിയില്‍
നീന്തിത്തുടിക്കുന്ന തുമ്പിപോള്‍,
താമരനൂലുപോല്‍ ജന്മാന്തരങ്ങളില്‍,
പ്രാലേയലേപനംപോല്‍
ജീവന്റെയുഷ്ണശൈലങ്ങളില്‍
ദേശാടനപക്ഷിയായെത്തിടും
പ്രഭാഭരിത സൗഹൃദം.
പ്രണയം,
നിര്‍വ്വചനത്തിന്നാലവിട്ടകലേയ്ക്ക്
പായുമൊരു ചെമ്പന്‍കുതിരപോല്‍,
നിത്യവും മുറ്റത്തെമുല്ലയില്‍ വന്നിരു-
ന്നോരോപരിഭവച്ചില്ലിയെറിഞ്ഞുപോം
കരിയിലക്കുരുവിപോല്‍,
വെളിച്ചം കടംകൊണ്ടനുയാത്രചെയ്യും
നീളന്‍നിഴലുപോല്‍,
മനസ്സിന്നഷ്ടദിക്കിലും
കാണാതെ കണ്ടും പരസ്പരം
കൈകോര്‍ത്തിണങ്ങിയും
തെല്ലിട തമ്മില്‍ പിണങ്ങിയും
കുറുകുന്ന വെള്ളരി പ്രാവുക-
ലന്തിചേക്കേറുന്നൊരഭയനീഡം.
പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
======================= CNKumar
1 comment:
പ്രണയമഴ
നനയുന്ന കൂട്ടുകാരാ
നിന്‍ ഹൃദയകവാടം
മലര്‍ക്കെത്തുറക്കുക.........
വളരെ നല്ല ഒരു കവിത
കാവ്യമായൊരു മയമുണ്ട് വരികളില്‍
വയനക് നല്ല ഒഴുക്കും
ആശംസകള്‍
Post a Comment