Thursday, May 19, 2011

അടനം


അടനം

ഇനിയെപ്പോഴാണ്‌
ഈ കാലൊടിഞ്ഞ കണ്ണടയിലെ
കാഴ്ചകള്‍ മടങ്ങുന്നത് ?
വീടിന്റെ രേഖകള്‍
കടക്കെണിയിലേയ്ക്കെറിഞ്ഞു
സുഖവാസത്തിനു പോയ പക്ഷികള്‍
പച്ചതുരുത്തുകള്‍ക്കായി
ദാഹിക്കുമ്പോള്‍
ആഴ്ച്ചപ്പിരിവുകാരന്‍ അണ്ണാച്ചിയെപ്പോലെ
നിന്റെ കണ്ണുകള്‍
എന്നിലെയ്തു കൊള്ളിക്കുകയാണോ?
ഇപ്പോള്‍
നീ കഴുത്തില്‍ തൂങ്ങിയ
വേതാളമായി
ചോദ്യങ്ങളെയ്തു
എന്റെ മൌനനോമ്പു
ഭേദിക്കുകയല്ലേ
മഞ്ഞുവീഴുന്ന
പ്രണയതാഴ്വരകളില്‍
വിരഹവേനല്‍ ചൂട്
താപമാപിനിയുടെ
കോലളവിനുമുയരേക്കു
നീളുമ്പോള്‍
യാത്രയുടെ
വിരസ ലിഖിതങ്ങള്‍
കുറിച്ചയക്കാന്‍
മേഘശകലങ്ങള്‍ക്കായി
ഒരു ഗന്ധര്‍വജന്മം കൂടി
എനിക്ക് കാത്തിരിക്ക വയ്യ.
വര്‍ത്തമാനത്തിന്റെ കണ്ണടചില്ല്
പൊട്ടിയിട്ടു നാളേറെയായി.
ചിതറിയ കാഴ്ചകള്‍
മസ്തിഷ്കത്തില്‍
പിടഞ്ഞു മരിക്കുന്നതിന്‍ മുന്‍പ്
ഇളവേല്‍ക്കാനൊരു ചില്ല
അതാണ്‌ ലക്‌ഷ്യം ....
----------------------------------

No comments: