Sunday, May 29, 2011

ആറാം തെരുവിലെ കണ്ണട

ആറാം തെരുവിലെ കണ്ണട 


ജനിച്ചനാള്‍ തൊട്ടെനിയ്ക്കു കാഴ്ചയ്ക്കു
കോട്ടമുണ്ടെന്ന സാക്ഷിമൊഴിച്ഛന്‍.
ആ മുത്തലി ക്ഷാ വരെയ്ക്കുള്ളയക്ഷരം
ചൊല്ലി ചൊല്ലിയെന്‍ കണ്ണു തെളിയ്ക്കുവാനമ്മ.
പാഠങ്ങളെല്ലാമുരുവിട്ടുരുവിട്ടു പാഠശാല വിട്ടു 
പോന്നിട്ടുമെന്തേ കാഴ്ച തെളിഞ്ഞീല?

കൂട്ടുകാര്‍ നാട്ടുകാരൊക്കെയും
കാഴ്ചയ്ക്കു  കാഴ്ചയായ് പുസ്തകരസ്സായനം,
പച്ചിലമരുന്നുകള്‍, പനയോല ഗ്രന്ഥങ്ങള്‍ പേറുന്ന 
യോഗങ്ങള്‍, ലാടവൈദ്യങ്ങള്‍, ഒറ്റമൂലികകളൊക്കെ
പരീക്ഷിച്ചൊടുവിലാ വിധി വന്നു
കണ്ണട വയ്ക്കുക കാഴ്ച കിട്ടും.

ഒന്നാം തെരുവിലെയ്ക്കോടി ഞാന്‍,
കടയാകെ കാവി പുതച്ചു നില്പൂ.
കണ്ണാടിക്കൂട്ടിലെ പാവകള്‍ക്കൊക്കെ
സിന്ദൂരക്കുറി നെറ്റിയില്‍,
കണ്ണുകള്‍ മറയ്ക്കുന്ന കണ്ണട കാവി. 
പരസ്യപ്പലകയില്‍ വാചകം; കണ്ണട വാങ്ങിയാല്‍
സൗജന്യമായി  തുരുമ്പിച്ച ശൂലം.  

രണ്ടാം തെരുവിലെന്‍ കണ്ണു ചെല്ലുന്നു,
കടയും വിരികളും പച്ച,
പാവകള്‍ക്കൊക്കെ താടിയും തൊപ്പിയും 
ഹരിതവര്‍ണ്ണ കണ്ണട കണ്ണിലും.
പരസ്യപ്പലകയില്‍ വാചകം; കണ്ണട വാങ്ങിയാല്‍
സൗജന്യമായി, വാളുമൊരുകുപ്പിയത്തറും.

മൂന്നാം തെരുവിലെന്‍ മുഖമുടക്കുന്നു,
മുറിയാകെ മഞ്ഞ,മുന്നിലെപ്പാവ,കണ്ണട,
ഒക്കെയും മഞ്ഞ,പരസ്യപ്പലകയിലെഴുത്തു മഞ്ഞ,                                       
കണ്ണട വാങ്ങിയാല്‍ ‍സൗജന്യമായി
മത്തടിപ്പിക്കുന്ന മദ്യം.

നാലാം തെരുവിലേയ്ക്കെന്‍ കാലു നീങ്ങുന്നു,
നിലമാകെ കടലിന്റെ നീല,
കടയിലെപ്പാവ, കണ്ണടയൊക്കെ നീല.
പരസ്യപ്പലകയില്‍ സുവിശേഷം;
സ്വര്‍ഗ്ഗത്തിലിരിപ്പിടം സൗജന്യം
കണ്ണട വാങ്ങുക.....

അഞ്ചാം തെരുവിലെന്തൊരു തിരക്ക്,
കവാടം മുതല്‍ തെരുവും കടയും വരെ ചുവപ്പ്,
പാവകള്‍ക്കു രക്തസാക്ഷിച്ഛായ,കണ്ണട ചുവപ്പ്,
പരസ്യപ്പലകയുടെയുദ്ബോധനം;
ചെത്തിമുനച്ചലകു സൗജന്യം,
വാങ്ങുന്ന കണ്ണടയ്ക്കെല്ലാം.
തെരുവിലെക്കുട്ടികള്‍ തെറിവിളിച്ചും
തമ്മില്‍ കുത്തുവാക്കിന്‍ പന്തെറിഞ്ഞും
തിമിതിമിര്‍ക്കുന്നു.
പിന്നാമ്പുറത്തൊരു  കൂട്ടനിലവിളി,
രണ്ടാം തെരുവാണപ്പുറമെന്നൊരു ചെക്കന്‍ വിക്കി വിക്കി. 

തെരുവുകളഞ്ചും പിന്നിട്ടെനിയ്ക്കിനി കാഴ്ചയ്ക്കു
കണ്ണടയേത് ? കണ്ണടയ്ക്കു നിറമേത് ?

ആറാം തെരുവിലേയ്ക്കാശങ്കയോടെന്‍ 
കാലുനീങ്ങുന്നു, പടിതൊട്ടവിടമാകെ സ്ഫടികം,
നിലം നിര്‍മലം,നിരത്തിലൊട്ടും തിരക്കില്ല,  
കടയില്‍ പാവയില്ല, പരസ്യപ്പലകയില്ല.
സ്ഫടികക്കണ്ണട കണ്ണില്‍ വയ്ക്കുമ്പോള്‍,
കഴിയുമോയെനിയ്ക്കെന്നെക്കാണുവാന്‍, 
സഹജനെക്കാണുവാന്‍,വിശപ്പിന്‍ നിറം,
സ്നേഹത്തിനാഴം,കണ്ണിലെ പ്രതീക്ഷതന്‍ വലിപ്പം.

ആറാം തെരുവിലെ കണ്ണടയ്ക്കായി ഞാന്‍;
ആദി ഹൃദയനായ് ധ്യാനിച്ച്‌ നില്പൂ.
====================================15 - 12 -1998




3 comments:

എം.എന്‍.ശശിധരന്‍ said...

ee kannada vallaathe ishtamaayi.....

എം.എന്‍.ശശിധരന്‍ said...

ആറാം തെരുവിലേയ്ക്കാശങ്കയോടെന്‍
കാലുനീങ്ങുന്നു, പടിതൊട്ടവിടമാകെ സ്ഫടികം,
നിലം നിര്‍മലം,നിരത്തിലൊട്ടും തിരക്കില്ല,
കടയില്‍ പാവയില്ല, പരസ്യപ്പലകയില്ല.
സ്ഫടികക്കണ്ണട കണ്ണില്‍ വയ്ക്കുമ്പോള്‍,
കഴിയുമോയെനിയ്ക്കെന്നെക്കാണുവാന്‍,
സഹജനെക്കാണുവാന്‍,വിശപ്പിന്‍ നിറം,
സ്നേഹത്തിനാഴം,കണ്ണിലെ പ്രതീക്ഷതന്‍ വലിപ്പം
fantastic...

poems of CNKumar said...

thanks.............