Sunday, May 29, 2011

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള വഴി 
പള്ളിക്കൂടം വിട്ടാലുണ്ണീ,യൊട്ടും 
വൈകാതെത്തുക വീട്ടില്‍
കല്ലും കവണയുമായി പിള്ളേര്‍ മാഞ്ചോടുകളില്‍
തുള്ളിയലച്ചു തിമിര്‍ക്കുന്നുണ്ടാം,
കുരലുദ്രവിച്ചൊരു തെങ്ങിന്‍ പൊത്തില്‍
തത്തകള്‍ തലയും നീട്ടിയിരിക്കാം,
വഴിയോരത്തെ കുറ്റിക്കാട്ടില്‍
പാഞ്ചിചെടിയില്‍ ചോന്നു തുടുത്ത
പഴങ്ങള്‍ മാടിവിളിയ്ക്കുന്നുണ്ടാം
പിന്നില്‍ നിന്നൊരു മുന്നറിയിപ്പാ-
യമ്മക്കിളിയുടെ മൊഴികള്‍,
ഓര്‍മയില്‍ നിന്ന് തുറക്കും
ബാല്യത്തിന്റെ ജനാല.
നാളുകളേറെ നഗരപ്പെരുവഴി താണ്ടി
ഞാനീ പിതൃരൂപത്തിന്നുള്ളിലൊതുങ്ങി,
വരാന്തയില്‍ നീര്‍ത്തിയ
വേര്‍പ്പിന്‍ ഗന്ധം പൂശിയ
ചാരുകസാലയിലഭയം തേടി
മടങ്ങുകയാണെന്നമ്മേ,
തിരകയെനിയ്ക്കായിത്തിരി, നന്മ
നിറഞ്ഞൊരു കുടിനീര്‍ സ്നേഹത്തി-
ന്നുപ്പു കലര്‍ത്തിയ തെളിനീര്‍.
കുപ്പകള്‍ ചീഞ്ഞു പിറക്കും നഗരപ്പെരുമകള്‍,
നാവില്‍ നുണയാന്‍ ചേരിപ്പോരുകള്‍, 
തമ്മിലിണങ്ങാനറിയാത്തവരുടെ 
തൊങ്ങലണിഞ്ഞൊരു  തന്‍പോരിമകള്‍,
അഹിതമതങ്ങള്‍ക്കറുകൊലയറുതികള്‍, 
കുരുതികളിടവഴിയിടകള്‍ തോറും
ഭരിതം രാവറുതിവരേയ്ക്കും,
മുഖരിതമെന്‍ നിദ്രകളാകെ,ചേതന
യാചിയ്ക്കും താരുണ്യത്തിന്നന്ത്യവിലാപം 
ആശ്രയമറ്റ കിടാങ്ങള്‍, വിധവകള്‍,മാതൃത്വങ്ങള്‍,
നിലവിളികളിലുദകപ്പൂക്കളുതിര്‍ക്കെ,
അമ്മേ നിന്‍ സ്നേഹ സാന്ത്വനമേറ്റു മയങ്ങാന്‍,
നന്മേ നിന്‍ കാരുണ്യസ്പര്‍ശനമേല്‍ക്കാന്‍,
പിന്നിട്ടൊരു വഴികള്‍ വീണ്ടും
കൊന്നപ്പൂത്താലമെടുക്കെ,
എന്നോപാടിയൊരോണപ്പാട്ടിന്നീരടി-
യെന്നോര്‍മ്മച്ചിമിഴിലില്‍ നിന്നുയിരാര്‍ന്നു പിറക്കേ,
ജീവന്‍ കത്തിയമര്‍ന്നൊരു
വേനല്‍ചില്ലയിലെന്തേ 
പാവനമോഹത്തളിരുകള്‍ ചേക്കേറുന്നു. 
ഏതാണിനി വഴിയെന്നോര്‍മ്മത്താളുകള്‍ പരതി
ചേതനയറ്റുകിടക്കും സംസാരപ്പെരുവഴിനടുവില്‍,
പെട്ടുഴലുന്നൊരു കുട്ടി കണക്കെ;സ്വസ്ഥത
നട്ടു നനച്ചു പെരുക്കിയ ഗ്രാമച്ചൂരില്‍ മുങ്ങി
മുരിങ്ങച്ചോട്ടിലെയാകാശത്തെ കണ്ടു പുളയ്ക്കാന്‍,
മോഹം പൂണ്ടു മടങ്ങുകയാണെന്നമ്മേ
ഭ്രാന്തു നുരയ്ക്കും മസ്തിഷ്കത്തില്‍
ചിന്തകള്‍ ചത്തുമലയ്ക്കും ദിനരാത്രങ്ങള്‍,
ഏന്തി വലിഞ്ഞെത്തിയ നഗര സരിത്തില്‍
ഏതോ കുരുതി മുഹൂര്‍ത്തഭ്ഭീതിയില്‍
ഉറ്റവരുടയവരൊക്കെ കുറ്റം ചാര്‍ത്തി
ചാറ്റിയൊഴിഞ്ഞൊരു പഥികനനാഥന്‍.
ഇനിവയ്യമ്മേ, നഗരച്ചതിയിലകപ്പെട്ടുഴലാന്‍
കനിവിന്‍ കാണാക്കനി തേടിത്തേടി നടക്കാന്‍
തൃക്കാര്‍ത്തിക തിരിവെച്ചു പൊലിയ്ക്കും
തിരുമുറ്റത്തില്‍ വിണ്ടു വരണ്ടൊരു 
ഹൃത്തടമാകെ സ്വപ്നം നട്ടു നനയ്ക്കാന്‍ 
ഇരുളു പൊരുന്നയിരിയ്ക്കുമീ വഴിയാകെ   
ചെരാതുകള്‍ പൊന്‍നിറമാര്‍ന്നു  മിഴിയ്ക്കാന്‍,
വീടിന്‍ വഴിയേതെന്നാത്മാവില്‍ തൊട്ടെന്‍ ചേതന
തേടുകയാണെന്നമ്മേ, നിന്നുടെ കയ്യാല്‍
നെറുകയിലിത്തിരി തീര്‍ത്ഥം തൂവുക,
മൃത്യുഞ്ജയ മന്ത്രംപോലാ സവിധത്തില്‍
നിത്യ നിരാമയ നിര്‍മലനാകാന്‍
നിന്‍ പുകള്‍ പാടാന്‍.
പടിവാതിലുകള്‍ തുറന്നിരുമിഴികള്‍ നാട്ടുക,
പടിയില്‍ നിന്‍ നിറ പുഞ്ചിരി ദീപം കാട്ടുക,
തൊട്ടു വണങ്ങാന്‍ വിമലേ നിന്നുടെ പാദം തരിക,
തോറ്റു മടങ്ങുമെനിയ്ക്കായമ്മേ, യഭയം തരിക. 
 ====================================14-03-2010



1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍ ആണ് അത് സാര്‍ത്ഥകമാകുന്നത് .തോല്‍വിയില്ല മരണത്തില്‍ പോലും ,ജീവിതത്തിന്‍റെ ഫലശ്രുതിയെന്നല്ലാതെ ..കവിത ഹൃദയത്തില്‍ പഴയ കാലത്തിന്റെ തേന്‍ നിറച്ചു ,.